കൊച്ചി: അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ പരിഗണിക്കാതെ, ബ്രിട്ടീഷ് വനിതയും മലയാളി യുവാവും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ ഹൈകോടതി ഉത്തരവ്. കോട്ടയം പാമ്പാടി സ്വദേശി ജോയൽ കെ. യൊയാക്കീമും ബ്രിട്ടീഷ് പൗരത്വമുള്ള ജീവ ജോയിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ ജീവ അവിവാഹിതയാണെന്ന് ബ്രിട്ടീഷ് എംബസിയുടെ സർട്ടിഫിക്കറ്റും എൻ.ഒ.സിയും വേണമെന്ന് പാമ്പാടി സബ് രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ജോയലിന്‍റെ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്.
ബ്രിട്ടീഷ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമുള്ള ജീവയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ ജോയൽ നൽകിയ അപേക്ഷ സബ് രജിസ്ട്രാർ നിരസിച്ചിരുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ എംബസിയിൽനിന്നുള്ള സർട്ടിഫിക്കറ്റും എൻ.ഒ.സിയും ആവശ്യമാണ്. ഇതിനായി ജീവ ലണ്ടനിലെ കോൺസുലാർ ഡയറക്ടറേറ്റിനെ സമീപിച്ചെങ്കിലും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നായിരുന്നു മറുപടി.
തുടർന്ന് ജീവ അവിവാഹിതയാണെന്ന് വ്യക്തമാക്കി നിയമപരമായി അധികാരമുള്ള അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇത് അവിടത്തെ വിദേശ മന്ത്രാലയം സാക്ഷ്യപ്പെടുത്തി നൽകിയിരുന്നു. എന്നാൽ, ഇതും സ്വീകാര്യമല്ലെന്ന് സബ് രജിസ്ട്രാർ വ്യക്തമാക്കിയതോടെയാണ് ജോയൽ കോടതിയെ സമീപിച്ചത്. മതിയായ രേഖകളില്ലാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ സർക്കാറും എതിർത്തു.
എന്നാൽ ജീവ അവിവാഹിതയാണെന്ന് സർട്ടിഫിക്കറ്റ് നൽകാൻ നിയമപരമായി ബ്രിട്ടീഷ് എംബസിക്ക് കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. അസാധ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ല. ഈ രേഖകളില്ലെന്ന പേരിൽ വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അനീതിയാണെന്നും വിലയിരുത്തി. തുടർന്നാണ് സാക്ഷ്യപ്പെടുത്തിയ രേഖകൾ സ്വീകരിച്ച് വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ ഉത്തരവിട്ടത്.