ചെറു എസ്‍യുവി വിപണിയിലെ മിന്നും താരമായ ക്രേറ്റയോട് മത്സരിക്കാൻ മാരുതി സുസുക്കി ടൊയോട്ട സഖ്യം. ഗ്രാൻസ, അർബൻ ക്രൂസർ, ഉടൻ പുറത്തിറങ്ങുന്ന ബെൽറ്റ തുടങ്ങിയ വാഹനങ്ങളുടെ പാത പിന്തുടാരാതെ ഇരുവരും ചേർന്ന് പുതിയ വാഹനം വികസിപ്പിക്കും. ചെറു എസ്‍യുവി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന ചെറു എസ്‍യുവിയാണ് ടൊയോട്ടയും മാരുതിയും ചേർന്ന് വികസിപ്പിക്കുക.
കുറച്ചുകാലമായി ഈ പ്രീമിയം എസ്‌യുവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സുസുക്കിയും ടൊയോട്ടയും തമ്മില്‍ ആരംഭിച്ചിട്ട്. പ്രെോഡക്ട് ഡവലപ്‌മെന്റ്, ഡിസൈന്‍, എൻജിനീയറിങ് തുടങ്ങി ഈ വാഹനത്തിന്റെ നിർമാണത്തിലെ ഓരോ ഘട്ടത്തിലും മാരുതിയുടെ മാതൃ കമ്പനിയായ സുസുക്കിയും ടൊയോട്ടയും സഹകരിക്കുന്നുണ്ട്. ടൊയോട്ടയുടെ ബിഡിഡി നിർമാണ ശാലയില്‍ നിന്നായിരിക്കും വാഹനം പുറത്തിറങ്ങുക.
ദെയ്ഹാറ്റ്സുവിന്റെ ഡിഎൻജിഎ പ്ലാറ്റ്ഫോമിലായിരിക്കും വാഹനം പുറത്തിറക്കുക. മൈൽഡ് ഹൈബ്രിഡ് എൻജിനായിരിക്കും വാഹനത്തിന്. വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും മാരുതിയുടെ റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമും ഈ വാഹനത്തിന്റെ നിർമാണത്തില്‍ നിര്‍ണായക പങ്കുവഹിക്കും. ഈ വർഷം രണ്ടാം പാതിയോടെ ഈ ടൊയോട്ട- സുസുക്കി പ്രീമിയം എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. റീ ബ്രാൻഡിങ് മാത്രമാക്കാതെ വ്യക്തമായ മാറ്റങ്ങളോടെയായിരിക്കും എസ്‍യുവി ഇരു കമ്പനികളും വിപണിയിലെത്തിക്കുക.