കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രിയും പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ടി.എം. തോമസ് ഐസക് ഏഴാംവട്ടം നൽകിയ നോട്ടീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരായില്ല. മുമ്പ് ആറ് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
ഇനിയും ഹാജരായില്ലെങ്കിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ഇത്തവണത്തെ നോട്ടീസ്. മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി ഉപയോഗിച്ചതിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ തോമസ് ഐസക്കിന്‍റെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.
സമൻസ് അയക്കുന്നത് സ്റ്റേ ചെയ്തിട്ടില്ലെന്നിരിക്കെ തുടർച്ചയായി ഹാജരാകാതിരിക്കുന്നത് നിയമലംഘനവും കോടതി ഉത്തരവുകൾക്ക് വിരുദ്ധവുമാണെന്നും ഇ.ഡി അറിയിച്ചു. അതിനിടെ, ഹാജരാകാത്തതിന്‍റെ പേരിൽ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.