റിയാദ് : സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‌ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയതായാണ് ഔദ്യോഗിക അറിയിപ്പ്. വ്യാഴാഴ്ച രാവിലെ എഴ് മണി മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലുമാണ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് നടപ്പാക്കുന്ന കൊവിഡ് നിബന്ധനകള്‍, പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരന്തരം പുനഃപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.