ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു.
ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ യോഗത്തിനുശേഷം നിർദേശിച്ചു. മുൻകരുതൽ ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതുവരെ 27 – 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
‘സീറോ-കോവിഡ്’ നയം ലഘൂകരിച്ചതിന് ശേഷം ചൈനയിലെ കോവിഡ് രോഗബാധിതരിൽ വൻവർധന ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ആരോഗ്യ വിദഗ്ധരടക്കം യോഗം ചേർന്നത്.
ചില രാജ്യങ്ങളിൽ വർധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത്, വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ഇന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിർദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയാറാണ് -ആരോഗ്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു.