ന്യൂയോര്‍ക്ക്: മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അയച്ച ഇ മെയിൽ പുറത്തായി.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ കിട്ടി തുടങ്ങി.
ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനും മെറ്റയ്ക്കും പിന്നാലെയാണ് ഗൂഗിളിലെ പിരിച്ചുവിടൽ വാര്‍ത്ത പുറത്ത് വരുന്നത്. ആമസോണില്‍ ഏകദേശം 2,300 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടൽ നോട്ടീസ് കമ്പനി നൽകിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.