ദില്ലി: ജയ്പൂര്‍ മുംബൈ എക്സ്പ്രസില്‍ കൂട്ടക്കൊല നടത്തിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിന് സ്ഥിരമായി നടന്നിരുന്ന പരിശോധനകളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ലെന്ന് റെയില്‍വേ. ബുധനാഴ്ചയാണ് റെയില്‍വേ ഇക്കാര്യം പ്രസ്താവനയിലൂടെ വിശദമാക്കിയത്. റെയിൽവേ ഔദ്യോഗികമായി നടത്തിയ പരിശോധനകളിലൊന്നും മാനസിക പ്രശ്നം കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രസ്താവന.
എന്നാല്‍ പ്രസ്താവന പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റെയില്‍വേ പ്രസ്താവന പിന്‍വലിച്ചു. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് എന്ന 33കാരന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിവച്ച് കൊന്നത്. ജൂലൈ 31, തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തിയ സമയത്തായിരുന്നു വെടിവയ്പ് നടന്നത്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ വിശദമാക്കിയിരുന്നു. ഇതിന് ശേഷമാണ് കൃത്യമായ ഇടവേളകളില്‍ സേനാംഗങ്ങള്‍ക്ക് നടത്തിയ പരിശോധനകളില്‍ ചേതന്‍ സിംഗിന് തകരാറുള്ളതായി കണ്ടെത്തിയില്ലെന്ന് റെയില്‍വേ പ്രതികരിച്ചത്.
എന്നാലെ ഇന്നലെ വൈകുന്നേരത്തോടെ പ്രസ്താവന റെയില്‍വേ പിന്‍വലിക്കുകയായിരുന്നു. മീരാറോഡ് സ്റ്റേഷനിലെത്താറായപ്പോഴാണ് ജയ്പൂര്‍ മുംബൈ എക്സ്പ്രസിലെ ബി 5 കോച്ചിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ചേതൻ യാത്രക്കാർക്ക് നേരെ നിറയൊഴിച്ചത്. രണ്ട് യാത്രക്കാർ തത്ക്ഷണം മരിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ പാൻട്രി ജീവനക്കാരനെയും കൊന്നു. കോച്ചിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകൻ ടിക്കാറാമിന് നേരെയും ചേതന്‍ വെടിവച്ചു. തൊട്ടടുത്ത സ്റ്റേഷനായ ദഹിസറിലെത്താറായപ്പോൾ ചങ്ങല വലിച്ച് പുറത്ത് ചാടി പ്രതി ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.
അതേസമയം കൊലപാതകത്തിന് ശേഷം ചേതന്‍ നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. വിദ്വേഷ പ്രചാരണത്തിന്‍റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് ആരോപിച്ചിരുന്നു. ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടന്നതെന്ന് മജ്ലിസ് പാർട്ടി നേതാവായ അസദുദ്ദീൻ ഒവൈസിയും ആരോപിച്ചിരുന്നു.