ചെന്നൈ; ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഡിസംബർ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെൽവം, ശരവണൻ, ജോസഫ് പോൾ എന്നിവരെയാണ് പിടികൂടിയത്. ഇതിന് ശേഷം നടത്തിയ സംയുക്ത ഡ്രൈവിലാണ് ഇംഫാലിലെ മൊറയിൽ വെച്ച് ഇപ്പോൾ 4 പേരെ കൂടി പിടികൂടുന്നത്. കലൈമണി, രവി, റീന, റോഷൻകുമാർ എന്നിവരാണ് കുടുങ്ങിയത്. ഇവരിൽ നിന്ന് 11 കിലോ മെത്താഫെറ്റാമൈനാണ് പിടികൂടിയത്.
മൊത്തം 15.8 കിലോ മെത്താഫെറ്റാമൈൻ പിടികൂടിയിട്ടുണ്ട്. ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ ലഹരി വസ്തുക്കൾ. ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.