കുവൈത്ത് സിറ്റി: കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വനിതയ്ക്ക് 15 വർഷത്തെ തടവുശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വദേശി സ്ത്രീയായി ചമഞ്ഞ് ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈത്തി ദിനാറിന്റെ വായ്പകൾ നേടിയെടുക്കുകയാണ് ഇവര്‍ ചെയ്തത്.
കുവൈത്തി സ്ത്രീയുടെ പേരിലുള്ള നഷ്‌ടപ്പെട്ട കാർഡിന് പകരമായി പുതിയ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡിന് പ്രതി അപേക്ഷിച്ചതായും കേസ് ഫയലുകൾ വ്യക്തമാക്കുന്നു. വന്‍തുക വായ്പ ലഭിക്കുന്നതിന് ഈ പുതിയ കാര്‍ഡാണ് പ്രതി ഉപയോഗിച്ചത്. വ്യക്തികളും ബാങ്കുകളും നിരവധി സാമ്പത്തിക കേസുകള്‍ ഫയൽ ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായ സ്ത്രീ വിവരം അറിയുന്നത്. സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്തത് അറിഞ്ഞ് തന്റെ കക്ഷി അത്ഭുതപ്പെട്ട് പോയെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ജറാഹ് അൽ എനെസി പറഞ്ഞു. കുറ്റം ചെയ്തില്ലെങ്കിലും അറസ്റ്റ്, സമൻസ്, യാത്രാ വിലക്ക്, പിടിച്ചെടുക്കൽ തുടങ്ങി വിവിധ നടപടികൾ തന്റെ കക്ഷി നേരിടേണ്ടി വന്നു.
ഇതോടെ വ്യാജരേഖ കെട്ടിച്ചമച്ചെന്ന് കേസ് ഫയൽ ചെയ്യുകയും രേഖകളിലെ പരാതിക്കാരിയുടെ ഒപ്പ് വ്യാജമാണെന്ന് തെളിയിക്കാൻ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന് ലോൺ രേഖകൾ റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അന്വേഷണത്തിലും പരിശോധനയിലും ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയ സ്ത്രീക്ക് ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.