വർക്കല: വർക്കലയിൽ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 ഒാളം പേരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി വർക്കല ടൗണിൽ പ്രവർത്തിക്കുന്ന ന്യൂ സ്പൈസി ഫുഡ്ബേയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. അൽഫഹം, കുഴിമന്തി, ഷവർമ്മ, ചിക്കൻ ന്യൂഡിൽസ് എന്നിവ കഴിച്ചവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നഗരത്തിലെ വിവിധ ആശുപത്രികളിൽ തുടരെത്തുടരെ ആളുകൾ ചികിത്സ തേടി എത്തിയതോടെയാണ് വാർത്ത പുറത്തായത്. തുടർന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നഗരസഭയുടെ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി.
വേവിച്ചതും വേവിക്കാത്തതുമായ പഴകിയ ഇറച്ചിയും അരച്ചു തയാറാക്കിയിട്ടുള്ള പഴകിയ മസാലയും പഴകിയ എണ്ണയും ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്ഥാപനം പ്രവർത്തിച്ചു വന്നതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. നിരോധിത കളർ ഫ്ലേവറുകളും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. പഴകിയ ചിക്കനിലോ മയോണൈസിൽ നിന്നോയാകാം വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വർക്കല എസ്.എൻ മിഷൻ ആശുപത്രിയിൽ 36 പേരാണ് ചികിത്സ തേടിയത്. ഇവർക്കായി അടിയന്തിരമായി രണ്ട് വാർഡുകൾ ഒഴിപ്പിച്ചെടുത്ത് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയാണ് ചികിത്സ തുടരുന്നത്. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാല് പേർ വീതവും ന്യൂ മംഗള ആശുപത്രിയിൽ ആറു പേരും ചികിത്സയിലുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പത്തോളം പേരും ചികിത്സയിലുണ്ട്. ആരുടെയും ആരോഗ്യനില അപകടകരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ച ശേഷം പൂട്ടി സീൽ വച്ചു. വരും ദിവസങ്ങളിൽ വർക്കല മേഖലയിലാകെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കുമെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അഡ്വ.വി.ജോയി എം.എൽ.എ എസ്.എൻ.മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചു.