വടക്കഞ്ചേരി: ബസ് സ്റ്റാൻഡിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽനിന്ന് മൂന്നേകാൽ ലക്ഷം രൂപ കവർന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഷട്ടർ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ലോക്കറിൽ സൂക്ഷിച്ച 3,29,365 രൂപയാണ് കവർന്നത്.
മാനേജരുടെ കാബിനിൽ സൂക്ഷിച്ച ലോക്കർ എടുത്തുകൊണ്ട് പോവുകയായിരുന്നു. ഞായറാഴ്ച രാവിലെ പാക്കിങ്ങിനായി വന്ന ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധി ആയതിനാൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനിയാഴ്ചയും വിൽപന നടത്തിയ മുഴുവൻ തുകയും ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. മറ്റ് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ ഒത്തുനോക്കിയാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാവൂ.മോഷണം പോയ ലോക്കറിന് ഭാരമുള്ളതിനാൽ കൂടുതൽ ആളുകൾ സംഭവത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം. അഞ്ചോ, ആറോ ആളുകൾ ചേർന്ന് പൊക്കിയാൽ മാത്രമേ ലോക്കർ എടുക്കാൻ കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്. വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
 
			

















 
                

