സിപിഐഎം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍, കൃത്യമായി പഠിച്ച് ഇന്ന് മറുപടി പറയുമെന്നും ഫേസ്ബുക്കിൽ പ്രതികരിച്ചു. രാഷ്ട്രീയമായി ആരോപണം ഉന്നയിച്ചവരെ പരിഹസിക്കില്ല. മാധ്യമ അജണ്ടയാണെന്നും പറയില്ല. താനൊരു പൊതുപ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യുന്നതിനുള്ള അവകാശം എതിര്‍ രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ആരോപണങ്ങളിൽ നിന്നും ഒളിച്ചോടില്ല.. മാധ്യമസൃഷ്ടിയാണെന്നോ മാധ്യമ അജണ്ടയാണെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറില്ല..
ആരോപണം ഉന്നയിച്ചവരെ പരിഹസിക്കാൻ നിൽക്കില്ല..
ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പഠിച്ച് മറുപടി നാളെ..
അപ്പോൾ ബാക്കി നാളെ കാണാം….
മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നായിരുന്നു സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ ആരോപണം. ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ മാത്യു കുഴല്‍നാടന് പണം കിട്ടുന്നുണ്ടെന്നും സി എന്‍ മോഹനന്‍ ആരോപിച്ചിരുന്നു.