കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍ ഐ.ജി.എസ്.ടി അടച്ചെന്ന നികുതി വകുപ്പിന്റെ വെളിപ്പെടുത്തലില്‍ വിശദാംശങ്ങള്‍ ലഭിച്ച ശേഷം മറുപടിയെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ധനവകുപ്പ് അയച്ചതായി പറയുന്ന കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതു ലഭിച്ചശേഷം വിശദമായി മറുപടി നൽകുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഐ.ജി.എസ്.ടി അടച്ചതായി ധനവകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാപ്പു പറയണമെന്ന എ.കെ.ബാലന്റെ പരാമർശത്തിലാണ് മാത്യു കുഴൽനാടന്റെ മറുപടി.
മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം വാങ്ങിയെന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന പ്രധാനപ്പെട്ട വിഷയം. നികുതി വെട്ടിപ്പ് അതിന്റെ ഒരു ഭാഗം മാത്രമാണെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച പകര്‍പ്പേ തനിക്കും ലഭിച്ചുള്ളൂ. വിഷയത്തില്‍ തന്റെ ഭാഗംകൂടി കേട്ട ശേഷം, മാപ്പു പറയണോ എന്നത് ജനം തീരുമാനിക്കട്ടെ. മാസപ്പടി, ജി.എസ്.ടി. വിഷയങ്ങളില്‍ ഉന്നയിച്ച കാര്യങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.
തെറ്റു പറ്റിയെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ മടിയില്ല. വീണാ വിജയന്‍ കൈപ്പറ്റിയ മാസപ്പടിയാണ് പ്രധാനപ്പെട്ട വിഷയം. വീണ അഴിമതിപ്പണം വാങ്ങിയെന്നതാണ് പ്രധാനപ്പെട്ട വിഷയം. അതില്‍നിന്ന് ഗോള്‍ പോസ്റ്റ് മാറ്റരുത്. നികുതി വെട്ടിപ്പ് എന്നത് അതിന്റെ ഒരു ഭാഗം മാത്രമാണെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു.