ന്യൂഡൽഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട കേസുകൾ ഒരുമിച്ച് കേൾക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. അലഹബാദ് ഹൈകോടതി വിധിക്കെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയാണ് കോടതി തള്ളിയത്. ഹരജി ഹൈകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ആവശ്യം നിരാകരിച്ചത്.
മസ്ജിദുമായി ബന്ധപ്പെട്ട 15 കേസുകൾ ഒന്നിച്ച് കേൾക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹബാദ് ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.
2020 സെപ്റ്റംബർ 25നാണ് ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറു പേരും ചേർന്ന് മസ്ജിദ് ഭൂമിയിൽ തർക്കമുന്നയിച്ച് ഹരജി നൽകിയത്. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവർ കോടതിയിലെത്തിയത്.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനിൽക്കുന്നതെന്നും അതിനാൽ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നൽകണമെന്നുമാണ് ആവശ്യം. യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിർകക്ഷികൾ.