മട്ടന്നൂർ: മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതിക്കേസിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ് പരിഗാെധന. കേസിലെ ഒന്നാം പ്രതിയും മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായ അബ്‌ദുറഹ്മാൻ കല്ലായിയുടെ അഞ്ചരക്കണ്ടിയിലെ വീട്ടിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.
മൂന്നാം പ്രതിയും ലീഗ് നേതാവുമായ മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹ്‌റൂഫിന്റെ മട്ടന്നൂർ ഉത്തിയൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മട്ടന്നൂർ ഇൻസ്‌പെക്‌ടർ എം കൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ മാസം 26ന് ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പോലീസ് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു.
പള്ളി നിർമാണത്തിൽ കോടികളുടെ അഴിമതി നടത്തിയെന്നാണ് പരാതി. മട്ടന്നൂർ ജുമാ മസ്‌ജിദിന്റെയും ഇതിനോട് ചേർന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെയും നിർമാണത്തിൽ കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിനെ വെട്ടിച്ചതാണ് പുറത്തുവന്നത്. കേസിലെ രണ്ടാം പ്രതി കോൺഗ്രസ് നേതാവും മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റുമായ എം സി കുഞ്ഞഹമ്മദാണ്. ഇരുവരുടെയും വീട്ടിൽനിന്ന് അന്വേഷണസംഘം നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.