ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ യുവതിക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ലോണ്‍ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടി. തമിഴ്‌നാട് കോയമ്പേട് 100 ഫീറ്റ് റോഡില്‍ റാം ഹോളിഡെയ്‌സ് നടത്തുന്ന ടി രാമപ്രസാദ് (42) ആണ് പിടിയിലായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി കെ എല്‍ സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, എസ്എച്ച്ഒ ടി വി ഷിബു, എസ്ഐ ഡി സജി കുമാര്‍, സീനിയര്‍ സിപിഒ പി എ നവാസ്, സിപിഒ റികാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസിലെ പ്രതികളായ മറ്റ് രണ്ടു പേരെ നേരത്തെ ആലപ്പുഴ സെെബർ ക്രെെം അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടി വരുകയാണെന്ന് കഴിഞ്ഞ ദിവസവും കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പൊലീസ് പറഞ്ഞു.