ദില്ലി: പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ (ബിഎഎംസിഇഎഫ്) ബുധനാഴ്ച (മെയ് 25) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് എന്ന ആവശ്യത്തിന് പുറമേ, തിരഞ്ഞെടുപ്പ് സമയത്തെ ഇവിഎം ഉപയോഗം, സ്വകാര്യ മേഖലകളിൽ എസ്‌സി / എസ്ടി / ഒബിസിക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിൽ ഫെഡറേഷൻ പ്രതിഷേധിക്കുന്നു.
ബന്ദിന് ബിഎഎംസിഇഎഫിന് പുറമെ ബഹുജൻ മുക്തി പാർട്ടിയുടെ പിന്തുണയുമുണ്ട്. ആക്ടിംഗ് സംസ്ഥാന പ്രസിഡന്റ് ഡിപി സിംഗ് ബന്ദ് വിജയിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. മെയ് 25 ന് നടക്കുന്ന ഭാരത് ബന്ദിന് ബഹുജൻ ക്രാന്തി മോർച്ചയുടെ ദേശീയ കൺവീനർ വാമൻ മെശ്രാമും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.