ശാരീരികാരോഗ്യം പോലെ തന്നെ നമുക്ക് പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ പലപ്പോഴും നമുക്ക് മാനസികാരോഗ്യം നല്ലരീതിയില്‍ കൊണ്ടുപോകാൻ സാധിക്കാറില്ല എന്നതാണ് സത്യം. മത്സരാധിഷ്ടിതമായ ലോകത്തിന്‍റെ വേഗതയും തിരക്കും തന്നെയാണ് ഇതിന് വിലങ്ങുതടിയായി അധികവും വരുന്നത്.
എന്നാല്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനായാല്‍ നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. അതിന് സഹായകമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
‘മൈൻഡ്‍ഫുള്‍നെസ്’ എന്നൊരു പ്രയോഗം നിങ്ങളില്‍ പലരും കേട്ടിരിക്കും. മനസറിഞ്ഞ് ചെയ്യുക എന്നതാണ് ലളിതമായി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചെയ്യുന്ന ഓരോ കാര്യത്തിലും അത് ചെറുതോ വലുതോ വ്യക്തിപരമോ അല്ലാത്തതോ ആകട്ടെ, മനസ് പരമാവധി അര്‍പ്പിക്കാനും അതിനെ ആസ്വദിക്കാനും ശ്രമിക്കുന്ന പരിശീലനത്തെയാണ് ‘മൈൻഡ്‍ഫുള്‍നെസ്’ എന്ന് വിളിക്കുന്നത്.
‘മൈൻഡ്‍ഫുള്‍നെസ്’ ഉത്കണ്ഠ കുറയ്ക്കാനും സന്തോഷവും സമാധാനവും കൂട്ടാനുമെല്ലാം ഉപകരിക്കും. അതുപോലെ തന്നെ വിരസത മാറാനും ഉന്മേഷം തോന്നാനുമെല്ലാം ഇത് നല്ലതാണ്. ജീവിതത്തില്‍ നമുക്ക് എന്തെല്ലാം നേടി- അതിനെ അംഗീകരിച്ച് അതിന് നന്ദിയോടെ വിസ്‍മരിക്കാം. ഒരുപാട് വലിയ മാറ്റങ്ങള്‍ ഇത് നിങ്ങളഉടെ ജീവിതത്തില്‍ കൊണ്ടുവരും.
രണ്ട്…
ചിട്ടയില്ലാത്ത ജീവിതരീതി പലപ്പോഴും മാനസികാരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കാം. അതിനാല്‍ കഴിയുന്നതും ഒരു ചിട്ടയുണ്ടാക്കി, അതില്‍ പോകാൻ ശ്രമിക്കുക. എല്ലാം ക്ലോക്ക് നോക്കി കൃത്യസമയത്ത് ചെയ്യുക എന്നതില്‍ക്കവിഞ്ഞ് ഒരു ഏകദേശ സമയക്രമം ഉണ്ടാക്കുക എന്നതേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
മൂന്ന്…
ജോലിസമയം അല്ലാത്ത സമയങ്ങളില്‍ അധികപേരും വെറുതെ മൊബൈല്‍ ഫോണ്‍ നോക്കിയോ ലാപ്‍ടോപ്പില്‍ വല്ലതും കണ്ടോ എല്ലാമാണ് ഇരിക്കാറ്. ഈ ശീലം മാറ്റി ശരീരം അനങ്ങുന്ന രീതിയിലുള്ള എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടാൻ ശ്രമിക്കാം. വ്യായാമം, വിനോദാധിഷ്ടിതമായ ജോലികള്‍- ഉദാഹരണത്തിന് ഗാര്‍ഡനിംഗ്, നീന്തല്‍- ഇങ്ങനെ പലതും ഇതിനായി ചെയ്യാവുന്നതാണ്.
നാല്…
സ്വയം ഉള്‍വലിഞ്ഞ്, അധികമാരോടും കൂടാതെ നടക്കുന്നതും മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാല്‍ കഴിയുന്നതും പുറത്തിറങ്ങാനും, കൂട്ടുകാരെ കാണാനും, വീട്ടുകാരുമായി സംസാരിക്കാനും, മറ്റുള്ളവരുമായി ഇടപഴകാനുമെല്ലാം ശ്രമിക്കുക. ഇതും മാനസികാരോഗ്യനിലയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും.
അഞ്ച്…
എത്ര തിരക്ക് പിടിച്ച ജീവിതരീതി ആണെങ്കിലും അവരവര്‍ക്ക് വേണ്ടി അല്‍പസമയം മാറ്റിവയ്ക്കണം. ഇത് മാനസികാരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു കാര്യമാണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാകണം ഈ സമയം ചെയ്യേണ്ടത്. എന്നാല്‍ മുഴുവൻ സമയം ഉറക്കം, സ്ക്രീനിലേക്ക് നോക്കിയിരിക്കല്‍ മാത്രമായി ഈ സമയത്തിനെ ചെലവിടാതിരിക്കാനും ശ്രദ്ധിക്കുക.
ആറ്…
എന്തെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അത് സ്വയം മനസിലാക്കാനുള്ള ശ്രമം നടത്തണം. എല്ലാ ദിവസവും സ്വയം അവലോകനം ചെയ്യുന്ന ശീലം ഏറെ നല്ലതാണ്. നമുക്ക് കൈകാര്യം ചെയ്ത് മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് പുറമെ നിന്ന് സഹായം തേടാം. പ്രത്യേകിച്ച് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം. ഇതിന് മടിയോ ലജ്ജയോ വിചാരിക്കുകയേ വേണ്ട. ഇത് ഏറെ ആരോഗ്യപ്രദമായ നിലപാടാണെന്ന് വിശ്വസിക്കുക.