യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാര്‍ക്ക് പൊലീസ് പുതിയൊരു മുന്നറിയിപ്പ് നല്‍കി. “വഴിയില്‍ പണം കണ്ടേക്കാം, എടുക്കാന്‍ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം !” പെട്ടെന്ന് വായിക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ടെന്നസിയിലെ പൊലീസ് പ്രദേശവാസികള്‍ക്ക് നല്‍കി മുന്നറിയിപ്പാണിത്.
ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കാന്‍ തക്കതായ കാരണമുണ്ട്. ടെന്നസിയിലെ ഒരു പ്രാദേശിക ഗ്യാസ് സ്റ്റേഷന്‍റെ (വാഹനങ്ങള്‍ക്ക് ഗ്യാസ് നിറക്കുന്ന സ്ഥാപനം) തറയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുറച്ച് ഡോളറുകളാണ് പൊലീസിന്‍റെ മുന്നറിയിപ്പിന് കാരണം. കണ്ടെത്തിയ ഡോളറുകളില്‍ ഒരു വെളുത്ത പൊടിയുടെ അംശം കണ്ടെത്തി. പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നപ്പോള്‍ ഞെട്ടിയത് പൊലീസ്. ആ പൊടിയാകട്ടെ വളരെ ചെറിയ അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മയക്ക് മരുന്നുകളുടെ സംയുക്തമായിരുന്നു. ഫെന്‍റനൈൽ, മെത്താംഫെറ്റാമൈന്‍ എന്നീ സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ സാന്നധ്യമായിരുന്നു ആ പൊടിയില്‍ അടങ്ങിയിരുന്നത്.
“ഇത് വളരെ അപകടകരമാണ്, സുഹൃത്തുക്കളേ! പണം എടുക്കാതിരിക്കാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക,” ഷെരീഫ് നിക്ക് വീംസ് ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. “ആരെങ്കിലും പണം ഇത്തരം വിഷം കൊണ്ടുപോകുന്ന ബാഗിനോട് കൂടി പിടിക്കപ്പെട്ടാൽ, ശിക്ഷ ശക്തമാക്കുന്ന ബില്ലിനായി നിയമനിർമ്മാണം നടത്താൻ ഞാൻ വ്യക്തിപരമായി ആലോചിക്കുന്നു..” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്തരത്തില്‍ പണം ഉപേക്ഷിച്ചതാരാണെന്നുള്ള അന്വേഷണം നടക്കുകയാണ്.
മോർഫിനേക്കാൾ 100 മടങ്ങ് ശക്തവും ഹെറോയിനേക്കാൾ 50 മടങ്ങ് വീര്യവും ഉള്ള സിന്തറ്റിക് ഒപിയോയിഡാണ് ഫെന്‍റനൈൽ എന്ന് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, പൊടിച്ച ഫെന്‍റനൈൽ ഹെറോയിൻ, മെത്താംഫെറ്റാമൈൻ തുടങ്ങി മറ്റ് മയക്കുമരുന്നുകളുമായി കലർത്തുന്നത് വളരെ അപകടമാണ്. ഫെന്‍റനൈൽ പോലുള്ള സിന്തറ്റിക് ഒപിയോയിഡുകള്‍ അമിത അളവിൽ ഉപയോഗിക്കുന്നത് മൂലം യുഎസില്‍ പ്രതിദിനം 150-ലധികം ആളുകൾ മരിക്കുന്നതായും സിഡിസി പറയുന്നു.