ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ പഞ്ചാബ് കിങ്സിനെ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ നയിച്ചേക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണറായ മായങ്കിനെ പഞ്ചാബ് ഈ സീസണിൽ നിലനിർത്തിയിരുന്നു. മായങ്കിനെയും പേസർ അർഷ്ദീപ് സിങ്ങിനെയുമാണ് പഞ്ചാബ് ഈ സീസണിൽ നിലനിർത്തിയത്. പഞ്ചാബിന്റെ വിശ്വസ്തനായ ബാറ്ററാണ് മായങ്ക്. പരിചയസമ്പത്ത് ഏറെയുള്ള മായങ്കിന്റെ കൈയ്യിൽ നായകസ്ഥാനം ഭദ്രമായിരിക്കുമെന്നാണ് ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നത്.
ഇത്തവണ പ്രതിഭാധനരായ നിരവധി താരങ്ങളെ ടീമിലെത്തിക്കാൻ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. കെ.എൽ.രാഹുൽ ടീം വിട്ടതോടെയാണ് മായങ്കിന് നറുക്കുവീണത്. ശിഖർ ധവാൻ, കഗിസോ റബാദ, ജോണി ബെയർസ്റ്റോ, രാഹുൽ ചാഹർ, ഷാറൂഖ് ഖാൻ, ലിയാം ലിവിങ്സ്റ്റൺ, ഒഡിയൻ സ്മിത്ത് തുടങ്ങിയ താരങ്ങൾ ഇത്തവണ പഞ്ചാബിന്റെ ജഴ്സിയണിയും. കഴിഞ്ഞ സീസണിൽ രാഹുലിന് പരിക്കേറ്റപ്പോൾ ടീമിനെ മായങ്കാണ് നയിച്ചത്. കഴിഞ്ഞ രണ്ട് സീസണിലുമായി ആകെ 800-ലധികം റൺസ് നേടിയ മായങ്ക് 2011 ലാണ് ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. മായങ്കിലൂടെ കന്നിക്കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ്. 2014-ൽ ടീം ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്.