ചെന്നൈ: ബി.എസ്.പി തമിഴ്നാട് പ്രസിഡന്റ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും കേസിൽ അറസ്റ്റിലായവർ യാഥാർഥ പ്രതികളല്ലെന്നും പാർട്ടി അധ്യക്ഷ മായാവതി. ചെന്നൈയിൽ ആംസ്ട്രോങ്ങിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു അവർ. പെരമ്പൂരിലെ സ്വകാര്യ സ്കൂളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ പുഷ്പചക്രവും അർപ്പിച്ചു.
‘ആംസ്ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനമില്ലെന്നാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയവർ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാർ നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. നീതി ഉറപ്പാക്കാൻ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. -മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തെ തുടർന്ന് ദലിത് വിഭാഗം ആശങ്കയിലാണെന്നും സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആംസ്ട്രോങ്ങിനെ (52) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.