തിരുവനന്തപുരം: റോഷന് ഇനി കേൾക്കാം… ശബ്‌ദം നഷ്‌ടമായ രണ്ട് ദിവസം ഓർമ്മ മാത്രം. ശ്രവണസഹായി നഷ്‌ടപ്പെട്ട ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്‌ടു വിദ്യാർഥിയും രാജാജി നഗർ സ്വദേശിയുമായ റോഷന് മേയർ ആര്യാ രാജേന്ദ്രൻ ശ്രവണ സഹായി കൈമാറി. പുതിയ ശ്രവണ സഹായി കൈമാറിയപ്പോൾ ആ മുഖത്തെ പുഞ്ചിരി വലിയ സന്തോഷമാണ് നൽകിയതെന്ന് മേയർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
കിംസ് ഹോസ്‌പിറ്റലിന്റെ സഹായത്തോടെയാണ് നഷ്‌ടമായ ശ്രവണ സഹായിക്ക് പകരം പുതിയതൊരെണ്ണം നൽകിയത്. റോഷന് നന്നായി പഠിക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു. തിരക്കിനിടയിൽ റോഷന്റെ നഷ്‌ടമായ ശബ്‌ദത്തെ കുറിച്ച് ശ്രദ്ധയിൽപെടുത്തിയ മാധ്യമങ്ങൾക്കും, നഗരസഭയ്‌ക്കൊപ്പം നിന്ന കിംസ് ഹോസ്‌പിറ്റൽ മാനേജ്‌മെന്റിനും നന്ദിയറിയിക്കുന്നെന്നും മേയർ പറഞ്ഞു.
റോഷന്റെ 1.38 ലക്ഷം വിലയുള്ള ശ്രവണസഹായി അടങ്ങിയ ബാഗ് വ്യാഴാഴ്‌ചയാണ് നഷ്‌ടപ്പെട്ടത്. റോഷന്റെ ശ്രവണ സഹായി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും നഷ്‌ടപ്പെട്ട ശ്രവണ സഹായി റോഷന് തിരികെ കിട്ടിയില്ല. കഴിഞ്ഞദിവസം റോഷന് വേണ്ടി ആര്യ ഫെയ്‌സ്‌ബുക്കിൽ ഒരു പോസ്‌റ്റിട്ടിരുന്നു. റോഷന്റെ ശ്രവണ സഹായി കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നായിരുന്നു ആര്യയുടെ പോസ്‌റ്റ്. ഇനി ഒരുപക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുതിയ ശ്രവണ സഹായി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നോക്കുമെന്നും ആര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റോഷന് മേയർ ഇടപ്പെട്ട് ശ്രവണ സഹായി നൽകിയിരിക്കുന്നത്.
നാലുമാസം മുമ്പ് പുനർജനി പദ്ധതിയിലൂടെ ശ്രവണസഹായി ലഭിച്ചതിനുശേഷം നല്ലമാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അച്ഛൻ ലെനിൻ പറഞ്ഞു. കേൾവി പരിമിതിയും കാലിന്റെ നീളക്കുറവുമൊന്നും കാര്യമാക്കാത്ത റോഷൻ രാജാജി നഗറിലെ ഫുട്‌ബോൾ ടീമിലെ മികച്ച കളിക്കാരനാണ്. ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ സ്നേഹ അനുവിനൊപ്പം തല എന്ന സിനിമയിലും റോഷൻ വേഷമിട്ടിട്ടുണ്ട്. യൂണിസെഫിന്റെ ചൈൽഡ് അച്ചീവേഴ്‌സ് അവാർഡും നേടിയിട്ടുണ്ട്.