തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി.രാജേഷ്. സിപിഎം ഇടപെട്ടതോടെയാണ് മന്ത്രി പോസ്റ്റ് പിൻവലിച്ചത്. പാർട്ടി നിർദേശപ്രകാരം പോസ്റ്റ് പിൻവലിച്ച മന്ത്രി, പകരം സിപിഎം പൊളിറ്റ് ബ്യൂറോയുടെ വാർത്താക്കുറിപ്പ് പങ്കുവച്ചു.‘വൈസ് ചാൻസലറെ ക്രിമിനലെന്നും, ചരിത്രപണ്ഡിതനെ തെരുവുഗുണ്ടയെന്നും വിളിച്ചത് മന്ത്രിയല്ലെന്നും, ആ ഭാഷ ഇടതുപക്ഷത്തിന്റെ സംസ്കാരമല്ലെന്നും’ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രാജേഷ് സമൂഹമാധ്യമത്തിൽ ഗവർണറെ ഉന്നമിട്ടു കുറിച്ചത്.