മക്ലാരൻ എന്നാൽ പലരേയും സംബന്ധിച്ച് ഫോർമുല വണ്ണിലെ ഒരു ടീം മാത്രമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ്, സൂപ്പർ കാറുകൾ നിർമിക്കുന്ന കമ്പനികളിലോന്നും ഇതേ മക്‍ലാരനാണ്. ഫോർമുല വൺ കാറുകളുടെ റോഡ് വെർഷനുകളാണ് ഓരോ മക്‍ലാരൻ കാറുകളും. ബ്രിട്ടീഷ് കാർ നിർമാതാക്കളായ മക്‌ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ ആഗോള വിപണിയിലെ 41-ാമത്തെ രാജ്യമാണ് ഇന്ത്യ.
ലോകത്താകമാനമുള്ള വിപുലീകരണ പദ്ധതികളുടെയും ഏഷ്യാ പസഫിക് മേഖലയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഒക്ടോബറിൽ കമ്പനി തങ്ങളുടെ ആദ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റ് മുംബൈയിൽ തുറക്കുന്നത്. പുതിയ ഔട്ട്‌ലെറ്റിലൂടെ, എവരിഡേ മക്‌ലാരൻ ജി.ടിയും ഹൈബ്രിഡ് വാഹനമായ അർതുറയും ഉൾപ്പെടെ രാജ്യത്ത് എത്തും. ബ്രാൻഡിന്റെ സൂപ്പർകാർ ശ്രേണിയിൽ വരുന്ന 765എൽ.ടി കൂപ്പെ, സ്പൈഡർ എന്നിവയ്‌ക്കൊപ്പം കൂപ്പെ, സ്പൈഡർ വേരിയന്റുകളായ 720 എസ് എന്നിവ തുടർന്ന് രാജ്യത്ത് എത്തും.
ബ്രിട്ടനിലെ മക്ലാരൻ ടെക്നോളജി സെന്ററിലാണ് ബ്രാൻഡിന്റെ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലണ്ടന്റെ തെക്ക് ഭാഗത്ത് സറേയിലെ വോക്കിങിലുള്ള മക്ലാരൻ പ്രൊഡക്ഷൻ സെന്ററിലാണ് എല്ലാ സൂപ്പർകാറും നിർമ്മിച്ചിരിക്കുന്നത്. ഓരോ മക്‍ലാരനും കൈകൊണ്ട് നിർമിച്ചതാണെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതുണ്ട്.
പുതിയ ഔട്ട്‌ലെറ്റിലൂടെ, കമ്പനി ഉപഭോക്താക്കൾക്ക് പൂർണ്ണ പിന്തുണയും, വിൽപ്പന, വിൽപ്പനാന്തര സേവനങ്ങളും നൽകും. രാജ്യത്തെ ആദ്യ റീട്ടെയിൽ ഷോറും ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മക്ലാരൻ നേരിട്ട് വാങ്ങാനുമാകും. കമ്പനിയുടെ ആദ്യ ഔദ്യോഗിക റീട്ടെയിൽ പങ്കാളി ഇൻഫിനിറ്റി കാർസ് ആണ്. മക്ലാരൻ മുംബൈ എന്ന പേരിലാവും ഇൻഫിനിറ്റി ഷോറൂം പ്രവർത്തിക്കുക.
‘ബ്രാൻഡിനെ സംബന്ധിച്ച് ഇന്ത്യ ഒരു പ്രധാന വിപണിയാണ്. മക്‍ലാരന്റെ ആരാധകർക്കും ഉപഭോക്താക്കൾക്കും മുംബൈയിലെ പോർട്ട്‌ഫോളിയോയിൽ നിന്ന് മികച്ചത് ആസ്വദിക്കാനാകും. പുതിയ ഹൈ-പെർഫോമൻസ് ഹൈബ്രിഡ് സൂപ്പർകാറായ അർതുറയെ ഞങ്ങൾ ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തിക്കും’- മക്ലാരൻ ഓട്ടോമോട്ടീവ് ഏഷ്യാ പസഫിക് ആൻഡ് ചൈന മാനേജിങ് ഡയറക്ടർ പോൾ ഹാരിസ് പറഞ്ഞു.