മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പാറ്റ, മൂട്ട, എലി തുടങ്ങിവയുടെ ശല്യം പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി ആരോഗ്യവകുപ്പ്.
വാർഡുകളിൽനിന്ന് ലഭിക്കുന്ന പരാതികൾ ഗൗരവമായി കണ്ട് വെയര്‍ഹൗസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. 50 കിടക്കകള്‍ അധികമായി കണ്ടെത്തി ക്രമീകരണമൊരുക്കി രോഗികളെ മാറ്റിവേണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മന്ത്രി നിർദേശിച്ചു. വാര്‍ഡുകളിലെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹെഡ് നഴ്സുമാരും നഴ്സിങ് സൂപ്രണ്ടും കര്‍ശനമായി നിരീക്ഷിക്കണം. സൂപ്പര്‍വൈസറി ഗ്യാപ് ഒഴിവാക്കുന്നതിന് നടപടിയുണ്ടാകണം. ഹൗസ് കീപ്പിങ് വിഭാഗം ശക്തിപ്പെടുത്താനും നിർദേശം നൽകി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലല്ലാതെ അടിയന്തര അവധി അനുവദിക്കരുത്.
ചികിത്സ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ നടത്തി ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി നിർദേശിച്ചു. ചികിത്സാ ആനുകൂല്യങ്ങൾക്കായി രോഗികളെയും ബന്ധുക്കളെയും വലയ്ക്കുന്ന സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിർദേശം രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഏകജാലക സൗകര്യമൊരുക്കണം. കാസ്പ് ഗുണഭോക്താക്കള്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി പരിശോധിക്കണം.
മരുന്നുകള്‍ പുറത്തേക്ക് എഴുതുന്നതും ഫാര്‍മസിയില്‍ സ്റ്റോക്കുള്ള മരുന്നുപോലും കൊടുക്കാത്തതും അടിയന്തരമായി അന്വേഷിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കാൻ മന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫല്‍ ചെയ്യുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും നിർദേശം നൽകി. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടക്കാത്തതാണ് രോഗികള്‍ കൂടാന്‍ കാരണം. അതിനായി ആശുപത്രികളുടെ യോഗം വീണ്ടും വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
1, 7, 8, 15, 26 27, 28 വാര്‍ഡുകള്‍, ഐ.സി.യു, കാസ്പ് കൗണ്ടര്‍, എച്ച്.ഡി.എസ് നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. കാസ്പ് ഗുണഭോക്താക്കള്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, ജീവനക്കാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.