കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഞ്ച് പേർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി ലഭിച്ചതെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയതായും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് പീഡനത്തിനിരയായത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട് പിന്നീട് സ്ഥിരപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രൻ. ഇയാൾക്കെതിരായ അതിജീവിതയുടെ മൊഴി തിരുത്താനാണ് ആശുപത്രി ജീവനക്കാർ സമ്മർദ്ദം ചെലുത്തിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.