തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കാനാണ് പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് സര്‍ജറിക്ക് 29 കോടി ബജറ്റില്‍ അനുവദിച്ചത്.
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചുവരുന്നു. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. 80 പിജി സീറ്റുകള്‍ക്ക് പുതുതായി അനുമതി ലഭിച്ചു. ആദ്യമായി മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു. ഈ റാങ്കിംഗ് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.