കൽപ്പറ്റ : വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ വഴി ആലോചിക്കും. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകയ്യെടുത്താണ് തുടർ നടപടി ചർച്ച ചെയ്യുന്നത്. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടും. വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.