ബ്രിട്ടൺ: 20 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഭീമൻ മെഗലോഡോൺ സ്രാവിന്‍റെ പല്ല് ബ്രിട്ടണിൽ കണ്ടെത്തി. സമ്മി ഷെൽട്ടൻ എന്ന ആറു വയസുകാരനാണ് 10 സെന്‍റീമിറ്റർ നീളമുള്ള പല്ല് ബോഡ്സെ ബീച്ചിൽ നിന്ന് കണ്ടെത്തിയത്.
മൂന്നു മുതൽ 20 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ സ്രാവുകളുടെ വംശത്തിൽ പെടുന്നവയാണിവ. ‘മെഗലോഡോൺ’ എന്നാൽ ‘വലിയ പല്ലെ’ന്നാണ് അർഥം. ഫോസിൽ അന്വേഷകരെ സംബന്ധിച്ച് ബോഡ്സെ ബീച്ച് പ്രശസ്തമാണ്.
സാമ്മി തന്‍റെ പിതാവിനോടൊപ്പം ഫോസിലുകൾക്കായി നടത്തിയ തിരച്ചിലിലാണ് സ്രാവിന്‍റെ പല്ല് കണ്ടെത്തിയത്. സ്രാവിന്‍റെ പല്ലിന്‍റെ അവശിഷടങ്ങൾ കടൽതീരത്ത് നിന്ന് മുൻപും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലുതും ഭാരമേറിയതുമായവ ലഭിക്കുന്നത് ആദ്യമാണെന്നും സമ്മിയുടെ പിതാവ് പറഞ്ഞു.മെഗലോഡോണിന് 18 മീറ്റർ നീളവും 60 ടൺ ഭാരവും വരെ ഉണ്ടാവുമെന്ന് ജീവശാസ്ത്രജ്ഞൻ പ്രഫ. ബെൻ ഗാരോഡ് അഭിപ്രായപ്പെട്ടു.