പയ്യനാട് : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങുന്നു. മേഘാലയയാണ് എതിരാളി. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിനും വീഴ്‌ത്തിയിരുന്നു. രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റുള്ള കേരളം ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. ഇന്നത്തെ മത്സരത്തിൽ പുതിയ താരങ്ങൾക്ക് അവസരം നൽകിയേക്കും. ജയിച്ച് സെമി ഉറപ്പിക്കുകയാണ് ക്യാപ്റ്റൻ ജിജോ ജോസഫിന്‍റേയും സംഘത്തിന്‍റേയും ലക്ഷ്യം.
ആദ്യ മത്സരത്തിൽ രാജസ്ഥാനെ 3-2ന് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മേഘാലയ ടീം പയ്യനാട് ഇറങ്ങുക. ഫിഗോ സിൻഡായി എന്ന ഇടംകാലൻ വിങ്ങറാണ് മേഘാലയയുടെ ശക്തി. ഇന്നത്തെ മത്സരത്തിലും മഞ്ചേരിയിലെ സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്ന് ഉറപ്പ്. ആ ആരവങ്ങളും ആവേശവും കേരളത്തിന്‍റെ കുതിപ്പിന് കരുത്താകുമെന്നുറപ്പ്. കഴിഞ്ഞ മത്സരത്തില്‍ ബംഗാള്‍ ഒരുക്കിയ കരുത്തുറ്റ പ്രതിരോധത്തെ മറികടന്ന് രണ്ടാം പകുതിയില്‍ നൗഫലും ജെസിനും നേടിയ ഗോളുകളാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരളത്തിന് ആവേശ ജയം സമ്മാനിച്ചത്. 84-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ വലയെ ചുംബിച്ച ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിന്‍ കനത്ത ബംഗാള്‍ ആക്രമണങ്ങള്‍ക്കിടെ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.