തിരുവനന്തപുരം : വിശ്വാസികൾക്കും സി.പി.ഐ.എമ്മിൽ അംഗത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തും പ്രവർത്തിക്കണമെന്ന് ആഹ്വാനം നടത്തിയ പാർട്ടിയാണ് സി.പി.ഐ.എമ്മെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എം മുസ്ലിം വിരുദ്ധരാണെന്നും വിശ്വാസികൾക്കെതിരാണെന്നും പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. കേരളത്തിൽ ഒറ്റപ്പെടുന്ന മുസ്ലിം ലീഗാണ് ഇത്തരം പ്രചാരണം നടത്തുന്നത്. കമ്യൂണിസ്റ്റായാൽ വിശ്വാസിയല്ലാതെ ആകുന്നുവെന്ന് ലീഗ് പ്രചരിപ്പിക്കുന്നു. വിശ്വാസികളെ സി.പി.ഐ.എമ്മിൽ നിന്ന് അകറ്റാനാകില്ലെന്നും കോടിയേരി പറഞ്ഞു.
സംശയത്തോടെ നോക്കിയിരുന്ന മറ്റ് മതസ്ഥരും ഇന്ന് കമ്മ്യൂണിസത്തെ ചേർത്തുപിടിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ. അതുകൊണ്ടാണ് പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയത്. ഇത്തരം നിലപാട് ലീഗ് തുടർന്നാൽ ജനങ്ങൾക്കിടയിലും വിശ്വാസികൾക്കിടയിലും അവർ ഒറ്റപ്പെടും. വഖഫ് നിയമനത്തെ ചൊല്ലി ലീഗ് കലാപത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. നിയമനം പിഎസ്സിക്ക് വിടാൻ വഖഫ് ബോർഡാണ് ആവശ്യപ്പെട്ടത്. 2017 ലാണ് ബോർഡ് ഈ തീരുമാനം എടുക്കുന്നത്. അന്നത്തെ ബോർഡ് ചെയർമാൻ മുസ്ലിം ലീഗ് നേതാവായിരുന്നു. 2000ൽ എൽ.ഡി.എഫ് സർക്കാർ ഓർഡിനൻസ് പ്രഖ്യാപിച്ചു. ഇതിനെതിരെ ലീഗ് എന്തുകൊണ്ട് അന്ന് രംഗത്തെത്തിയില്ലെന്നും കോടിയേരി ചോദിച്ചു. ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.