മുംബൈ: അഘോരി പൂജയ്ക്കായി സ്ത്രീയെ കെട്ടിയിട്ട് ആർത്തവ രക്തം ശേഖരിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പുനെയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. 28 കാരിയായ യുവതിയെ മന്ത്രവാദ ചടങ്ങുകൾക്കായി ഭർത്താവും ബന്ധുക്കളും നിർബന്ധിച്ചെന്നും സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ എതിർപ്പ് അവഗണിച്ച് പ്രതികൾ സ്ത്രീയുടെ ആർത്തവ രക്തം അഘോരി പൂജയുടെ ഭാഗമായി ശേഖരിച്ച് 50000 രൂപയ്ക്ക് വിറ്റെന്ന് വിശാരന്ത് വാഡി പൊലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ദത്താത്രയ ഭപ്ക പറഞ്ഞു. സ്ത്രീയുടെ പരാതിയെത്തുടർന്ന് അവളുടെ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർതൃസഹോദരൻ, മരുമകൻ എന്നിവർക്കെതിരെ സെക്ഷൻ 377 പ്രകാരം കേസെടുത്തു.
2019-ലായിരുന്നു വിവാഹം. അന്നുമുതൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. 2022 ഓഗസ്റ്റിൽ പ്രതികൾ ചില മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയുടെ ആർത്തവ രക്തം ബലമായി എടുത്ത് കുപ്പിയിൽ നിറച്ചതായി പരാതിയിൽ പറയുന്നു. ഭർതൃസഹോദരന് പ്രതിഫലമായി 50,000 രൂപ ലഭിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
2022 ഓഗസ്റ്റിൽ ബീഡ് ജില്ലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി കേസ് ബീഡ് പോലീസിന് കൈമാറുകയും ചെയ്തു. 2023 ജനുവരിയിൽ ഗർഭം ധരിക്കാൻ മന്ത്രവാദ ആചാരത്തിന്റെ ഭാഗമായി മനുഷ്യന്റെ അസ്ഥികൾ ഉണ്ടാക്കിയ പൊടി കഴിക്കാൻ സ്ത്രീയെ ഭർത്താവും ബന്ധുക്കളും നിർബന്ധിച്ചത് വാർത്തയായിരുന്നു.