കൊച്ചി: ആർത്തവം, കന്യകാത്വം തുടങ്ങിയ കാര്യങ്ങൾ പരസ്യമായി സംസാരിക്കാൻ മടിക്കുന്ന കാലം കഴിഞ്ഞു. സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യൻ മോഡലുകളുടെ ചിത്രങ്ങളുടെ ലഭ്യത കുറവിനും പരിഹാരമായി. മുത്തൂറ്റ് ഫിനാൻസിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ പ്രചരണത്തിൻ്റെ ഭാഗമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന, കേരളത്തിൽ നിന്നുള്ള മോഡലുകൾ അണിനിരന്ന സ്റ്റോക്ക് ഫോട്ടോകൾ പ്രകാശനം ചെയ്തു.
മാധ്യമങ്ങൾ, എൻ ജി ഒകൾ, പൊതുജനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി ആർക്കും ആർത്തവ ശുചിത്വം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ സൗജന്യമായി ഈ ചിത്രങ്ങൾ ഉപയോഗിക്കാം. വിദേശ മോഡലുകളുടെ ചിത്രങ്ങൾ മാത്രമായിരുന്നു ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായിരുന്നത്. 20 മോഡലുകളാണ് പ്രതിഫലം വാങ്ങാതെ സ്റ്റോക്ക് ഫോട്ടോ ഷൂട്ടിംഗിൽ പങ്കെടുത്തത്. 3 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 150 ഫോട്ടോ കളാണ് തയാറാക്കിയിരിക്കുന്നത്. അൻപതോളം വോളണ്ടിയർമാരാണ് ചീത്രീകരണത്തിനായി പ്രയത്നിച്ചത്. വർണ മീനയാണ് മോഡലുകളെ ഒരുക്കിയത്. ജിൻസൺ എബ്രഹാമാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
www.cupoflife.net എന്ന വെബ് സൈറ്റിൽ നിന്ന് ഫോട്ടോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സെൻട്രൽ മാളിൽ നടന്ന ചടങ്ങിൽ ബോസ് കൃഷ്ണമചാരി സ്റ്റോക്ക് ഫോട്ടോകൾ പ്രകാശനം ചെയ്തു. ഹൈബി ഈഡൻ എം.പി വെർച്വലായി പങ്കെടുത്തു. ഐ എം എ കൊച്ചിൻ പ്രസിഡൻ്റ് ഡോ. മരിയ വർഗീസ്, സെക്രട്ടറി ഡോ. അനിത തിലകൻ, കപ്പ് ഓഫ് ലൈഫ് പ്രൊജക്ട് കോർഡിനേറ്റർ ഡോ. അഖിൽ മാനുവൽ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 30, 31 തീയതികളിലാണ് ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി എന്നിവരുടെ സഹകരണത്തോടെ കപ്പ് ഓഫ് ലൈഫ് പരിപാടി സംഘടിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 100 വേദികളിൽ ഒരു ലക്ഷം കപ്പുകൾ വിതരണം ചെയ്യുന്നതാണ് കപ്പ് ഓഫ് ലൈഫ്.