കോവിഡ് ബാധിച്ചവരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിച്ചേക്കാമെന്ന് പഠനം. ബി.എം.ജെ. ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 1,53,848 കോവിഡ് രോഗികളുടെ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. സാമൂഹികമായ ഒറ്റപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ, പ്രിയപ്പെട്ടവരുടെ വേർപാട്, മറ്റ് നിരവധി പ്രശ്നങ്ങൾ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഉത്കണ്ഠയും വിഷാദവുമാണ് ഇതിൽ മുന്നിൽ നിൽക്കുന്നതെന്ന് പഠനങ്ങളിൽ പറയുന്നു.
രോഗം മാറി ഒരു വർഷത്തിന് ശേഷം രോഗം ബാധിച്ച കാലത്തെ അവരുടെ അനുഭവങ്ങളും രോഗം ബാധിക്കാത്തവരുടെ ഈ കാലയളവിലെ അനുഭവങ്ങളും പഠനത്തിന്റെ ഭാഗമായി ശേഖരിച്ചു. കോവിഡ് ബാധിക്കുന്നതിന് രണ്ടുവർഷം മുൻപ് വരെ മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഇല്ലാത്തവരെയും മാനസിക രോഗത്തിന് ചികിത്സ സ്വീകരിക്കാത്തവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. കൊറോണ വൈറസ് ബാധയ്ക്ക് ശേഷമുള്ള സൈക്യാട്രിക് രോഗനിർണം, ചികിത്സ എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതുവഴി ഗവേഷകർക്ക് സാധിച്ചു.
കോവിഡ് ബാധിച്ച 39 ശതമാനം പേരിൽ വിഷാദവും 35 ശതമാനം പേരിൽ ഉത്കണ്ഠയും ബാധിച്ചിട്ടുളളതായി കണ്ടെത്തി. ഇത് കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരിൽ മാസങ്ങളോളം നീണ്ടുനിന്നുവെന്നും പഠനത്തിൽ പറയുന്നു. കോവിഡ് ബാധിച്ചവരിൽ 38 ശതമാനം പേരിൽ സ്ട്രെസ്സും അഡ്ജസ്റ്റ്മെന്റ് ഡിസോഡറുകളും തിരിച്ചറിയാനായി. കോവിഡ് ബാധിച്ച 41 ശതമാനം പേരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കപ്രശ്നങ്ങൾ കണ്ടെത്തി. ഇതെല്ലാം തെളിയിക്കുന്നത് കോവിഡ് ബാധയുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും മാനസിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നു എന്നാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കോവിഡ് പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് സാധാരണക്കാരെ തള്ളിവിട്ടുവെന്ന ചിന്ത ശക്തമാക്കുന്നതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, കോവിഡ് ബാധിച്ചവരിലെ 55 ശതമാനം പേർ രോഗബാധയ്ക്ക് ശേഷം ഡോക്ടർ നിർദേശിച്ച ആന്റിഡിപ്രസന്റുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും, 65 ശതമാനത്തോളം പേർ ഡോക്ടർ നിർദേശിച്ച ഉത്കണ്ഠാ വിരുദ്ധ ഔഷധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും പഠനത്തിൽ കണ്ടെത്തി. 18 ശതമാനത്തിലേറെ കോവിഡ് രോഗികൾ പിന്നീടുള്ള വർഷം രോഗനിർണയം നടത്തി ഡോക്ടറുടെ നിർദേശപ്രകാരം ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങൾക്ക് ചികിത്സ തേടി. എന്നാൽ കോവിഡ് ബാധിക്കാത്തവരിൽ ഇത്തരക്കാരുടെ എണ്ണം 12 ശതമാനത്തിൽ താഴെയാണ്. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരിലെ 60 ശതമാനം പേരും ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങളിൽ വീണുപോയവരാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരമായി കോവിഡ് ബാധിച്ചവരിൽ മറ്റുള്ളവരേക്കാൾ കൂടുതലായി മാനസിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ചെറിയ രീതിയിൽ ബാധിച്ചവരിലും രോഗം ബാധിക്കാത്തവരേക്കാൾ ഇക്കാര്യത്തിൽ അപകടസാധ്യത കൂടുതലായിട്ടാണ് കാണുന്നത്. 2020 മാർച്ച് 1 മുതൽ 2021 ജനുവരി 15 വരെയുള്ള പ്രായപൂർത്തിയായ 1,53,848 കോവിഡ് രോഗികളുടെ ഇലക്ട്രോണിക് മെഡിക്കൽ ഡാറ്റയാണ് പഠനത്തിനായി വിശകലനം ചെയ്തത്. കോവിഡ് മഹാമാരിയുടെ ആദ്യ സമയത്തായിരുന്നതിനാൽ രോഗബാധയ്ക്ക് മുൻപായി വാക്സിനെടുത്തവർ ഇല്ലായിരുന്നു. 2021 നവംബർ 30 വരെ പഠനത്തിൽ പങ്കെടുത്ത ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. വാക്സിനെടുത്ത ശേഷവും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇവരിലുണ്ടാകുന്ന മാനസികാരോഗ്യ ലക്ഷണങ്ങൾ വിലയിരുത്താൻ പഠന സംഘത്തിന് പദ്ധതിയുണ്ട്.