പത്തനംതിട്ട> മൈലപ്രയിലെ കടയ്ക്കുള്ളിൽ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പൊലീസ്. ഞായർ രാവിലെ ഏഴുമുതൽ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുണിയുപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത് പറഞ്ഞു. മൃതദേഹത്തിൽ മുറിവുകളില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാകു. ഞായർ രാവിലെ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കടയ്ക്കുള്ളിൽ നാല് മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ശനിയാഴ്ച വൈകിട്ടാണ് മൈലപ്ര ജങ്ഷനും പഞ്ചായത്തുപടിക്കും ഇടയിലുള്ള പുതുവേലിൽ സ്റ്റോഴ്സിൽ കടയുടമ ജോർജ് ഉണ്ണൂണ്ണി(76)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.