തിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ വാദങ്ങൾ അടിസ്ഥന രഹിതമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടി. കെ റെയിൽ നാടിൻ്റെ ഭാവിക്കും വികസനത്തിനും അടിത്തറ പാകുന്ന പദ്ധതിയാണ്. കേരളത്തിൻ്റെ ഭാവി സംരക്ഷിക്കുന്നതിനും, ജനതയെ മുന്നോട്ട് നയിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണ്. രാഷ്‌ട്രീയ ഭയമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മേഴ്സിക്കുട്ടി പറഞ്ഞു. കണ്ണടച്ചിരുട്ടാക്കി അസംബന്ധമായ വാദങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം. നുണകൾ പ്രചരിപ്പിച്ച് നാട്ടുകാരെ ഭയപ്പെടുത്തുകയാണ് ഇവർ. ഭൂമി നഷ്ടമാകുമെന്ന് ഉടമകൾക്ക് ആശങ്കയുണ്ട്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് മികച്ച നഷ്ടപരിഹാരം സർക്കാർ ഉറപ്പുവരുത്തുമെന്നും മേഴ്സിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ വൻ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പ്രതിഷേധം നടക്കുന്നത്. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം നടക്കുന്നത്. പുറത്ത് പൊലീസ് കാവലുണ്ട്. ഉടൻ തന്നെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം. അജയകുമാർ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നത്.