നോയിഡ: ഉത്തർപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിൽ വൻ ലഹരിവേട്ട. എംഡിഎംഎ നിർമാണ ലാബ് നടത്തിയ നാല് നൈജീരിയൻ പൗരന്മാർ പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 150 കോടി വില വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
നോയിഡ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര സംഘത്തെ കുടുക്കിയത്. ഏകദേശം രണ്ടാഴ്ച മുമ്പ് ഒമൈക്രോൺ-1 ലെ ഒരു വീടിന്റെ ഉടമയും രണ്ട് വിദേശ പൗരന്മാരും തമ്മിലുള്ള വാടക കരാറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, വീട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിലേക്ക് സംശയാസ്പദമായ ലഗേജുകൾ നീക്കുന്നതായി കണ്ടെത്തി. തുടർന്നായിരുന്നു റെയ്ഡ്. നാല് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി നോയിഡ പൊലീസ് അറിയിച്ചു. ഇഫിയാനി ജോൺബോസ്‌കോ, ചിഡി, ഇമ്മാനുവൽ, ഒനെകെച്ചി എന്നിവരാണ് പിടിയിലായത്. 30 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ഗ്രേറ്റർ നോയിഡയിലെ ഒമിക്‌റോൺ-1ൽ വാടകയ്ക്ക് വീട് എടുത്ത് എംഡിഎംഎ നിർമ്മിച്ച് വിൽപന നടത്തുകയായിരുന്നു സംഘം. ലാബ് അടക്കം സജ്ജമാക്കിയാണ് വൻ തോതിൽ ലഹരിവസ്തു നിർമ്മാണം ഇവിടെ നടന്നുവന്നത്. പരിശോധനയിൽ 26 കിലോ എംഡിഎംഎ. കണ്ടെടുത്തു. അടുത്ത കാലത്ത് പൊലീസ് നടത്തിയ വൻ ലഹരിവേട്ടകളിൽ ഒന്നാണിത്. ഫാക്ടറി പണിത് മയക്കുമരുന്ന് ശൃംഖലയുണ്ടാക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളുടെ പാസ്‌പോർട്ടുകൾ മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് കാറുകളും രാസവസ്തുക്കളും മരുന്നുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു
2023ന് ശേഷം ഇത് മൂന്നാം തവണയാണ് നോയിഡയിൽ മാത്രം വിദേശ പൗരന്മാർ മയക്കുമരുന്ന് നിർമ്മിക്കാൻ ശ്രമിച്ച് അറസ്റ്റിലാകുന്നത്. ഇവർക്ക് പ്രാദേശിക സംഘത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.