വയര്‍ കുറയ്ക്കാന്‍ കുറച്ചധികം സമയമെടുക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ട് ചെയ്താൽ മാത്രം പോരാ. ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒരു പാനീയമാണ് ഉലുവ-മഞ്ഞള്‍ ചായ.നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഇരുമ്പിന്‍റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണിത്. നാരുകളാല്‍ സമ്പന്നവുമാണ് ഉലുവ. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി വയറിലെ കൊഴുപ്പ് ഇല്ലാതാക്കി വണ്ണം കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും.
മഞ്ഞളും ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. മഞ്ഞളില്‍ കുര്‍കുമിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഉലുവ-മഞ്ഞള്‍ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഉലുവ-മഞ്ഞൾ ചായ ഉണ്ടാക്കുന്ന വിധം:
ഒരു പാനിൽ, ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇനി അതിലേക്ക് കുറച്ച് ഉലുവ ചേർക്കാം. ശേഷം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അരിച്ചെടുക്കുക. മധുരത്തിനായി ശർക്കരയോ തേനോ ചേർക്കാം. നന്നായി ഇളക്കിയ ശേഷം, ചൂടുള്ള ഉലുവ- മഞ്ഞൾ ചായ ആസ്വദിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.