മംഗളൂരു :മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ വാരാന്ത്യ ഡിജെ പാർട്ടി നടത്തി മദ്യശാലയിൽ നടത്തി.ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ രംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെത്തുടർന്ന് പൊലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് ചെയ്തു.
മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളജിലെ വിദ്യാർഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്. അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തീരദേ ജില്ലകളായ ഉഡുപ്പിയിലും ദക്ഷിണ കന്നടയിലും സദാചാര ഗുണ്ടായിസം, ലഹരി ഉപയോഗം എന്നിവ ഉന്മൂലനം ചെയ്യാനുള്ള ദൗത്യവുമായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്.പുതുതായി ചുമതലയേറ്റ ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്.എന്നാൽ കോളജ് വിദ്യാർഥികൾ അവർ നടത്തിയ മദ്യ, മയക്കുമരുന്ന് പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിടും വരെ പൊലീസ് അറിഞ്ഞില്ലെന്നത് ഇൻറലിജൻസ് വിഭാഗത്തിെൻറ പരാജയമാണെന്ന് വിമർശനമുണ്ട്.