ലഖ്‌നൗ: ചൊവ്വാഴ്ച ഉച്ചയോടെ വിധാൻ ഭവന് അടുത്ത് ഒരു ഹെലികോപ്ടർ പറക്കുന്നത് കണ്ട് പ്രദേശത്തുള്ളവരെല്ലാം അമ്പരന്നു. നോ ഫ്ലൈ സോണായ പ്രദേശത്ത്, അതും വിധാൻ ഭവന് തൊട്ടടുത്തായിരുന്നു ഹെലികോപ്ടർ ഉണ്ടായിരുന്നത്. വിമാനങ്ങളോ ഹെലികോപ്ടറോ പറക്കാൻ പാടില്ലാത്ത നോ ഫ്ലൈ മേഖലയിൽ ഹെലികോപ്ടർ പറന്നുയർന്നതോടെ ആളുകൾക്ക് കൌതുകമുണർന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനും തുടങ്ങി. വൈകാതെ തന്നെ സംഭവം സോഷ്യൽ മീഡിയയിൽ എത്തുകയും വൈറലാവുകയും ചെയ്തു.
പക്ഷേ, സംഭവം മറ്റൊന്നായിരുന്നു. ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാനായി ദേശീയ സുരക്ഷാ ഗാർഡും (എൻഎസ്ജി) യുപി പോലീസും നടത്തിയ ഒരു മോക്ക് ഡ്രിൽ ആയിരുന്നു അത്. സുരക്ഷാ വെല്ലുവിളികൾ ഉണ്ടായാൽ, അത് കൈകാര്യം ചെയ്യാൻ സംസ്ഥാന പൊലീസിനെ സാങ്കേതികമായി പ്രാപ്തരാക്കുന്നതിനായിരുന്നു അഭ്യാസം എന്ന് ലഖ്‌നൗവിലെ ജോയിന്റ് പൊലീസ് കമ്മീഷണർ ഉപേന്ദ്ര കുമാർ അഗർവാൾ പറഞ്ഞു.
ഇത് മൂന്ന് ദിവസത്തെ പരിശീലനമാണ്, ബുധനാഴ്ചയും വ്യാഴാഴ്‌ചയും ഇത് നടക്കും. വിധാൻ ഭവനും ലോക്‌ഭവനും കൂടാതെ നഗരത്തിലെ മറ്റ് പല സ്ഥലങ്ങളിലും സമാനമായ അഭ്യാസങ്ങൾ നടക്കും. സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾ കൂടുതൽ വിവരങ്ങൾ പങ്കിടുന്നില്ല. മോക്ക് ഡ്രില്ലുകൾ പൂർത്തിയാക്കിയ ശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച വൈകീട്ട് നാലിനും എട്ടിനുമിടയിലാണ് മോക്ക് ഡ്രിൽ. സംസ്ഥാന തലസ്ഥാനത്ത് സുരക്ഷ മെച്ചപ്പെടുത്താനുള്ള ഒരു അഭ്യാസം മാത്രമാണെന്നും പരിഭ്രാന്തരാകേണ്ടതില്ല. ലഖ്‌നൗ പൊലീസിന് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മോക്ക് ഡ്രിൽ നടത്തുന്ന വിധാൻ ഭവൻ പരിസരത്തും മറ്റ് പ്രദേശങ്ങളിലും ഗതാഗതം വഴിതിരിച്ചുവിടുമെന്നും ജെസിപി പറഞ്ഞു.