തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന. പരിപാടിയിൽ മൈക്ക് ഹൗളിംങ്ങ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും മൈക്ക് ഉടമയ്ക്കും എതിരെ കേരള പൊലീസ് നടപടിയെടുത്തും ഉപകരണങ്ങൾ പിടിച്ചെടുത്തതും പ്രതിഷേധാർഹമാണെന്ന് മൈക്ക് ഉടമകളുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് നടപടി പിൻവലിക്കുമെന്നും സംഘടന ആവശ്യപ്പെട്ടു.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്‍റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.