കൊച്ചി: തിരുവാലൂർ ക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശി എസ്.കെ.അബ്ദുൾ (33) നെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2 ന് അമ്പലത്തിൽ അതിക്രമിച്ച് കയറി വിളക്ക് മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പറമ്പയത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഉന്തുവണ്ടിയിൽ ആക്രി പെറുക്കി വിൽക്കുന്ന ആളാണിയാൾ.
അത്താണി ഭാഗത്തെ ആക്രിക്കടയിലാണ് ഇയാൾ വിളക്കുകൾ വിൽപ്പന നടത്തിയത്. ഇത് ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എം.വി.അരുൺ ദേവ്, രതീഷ് ബാബു, കെ.ആർ.അനിൽ കുമാർ സി.പി.ഒ മാരായ കെ.എ.സിറാജുദീൻ, എം.ബി.പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ ഓഫീസ് കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ മയക്കുമരുന്ന് കേസിലെ പ്രതിയടക്കം മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയിലായിരുന്നു. ചേലക്കുളത്തെ ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തി തുറന്ന് ലാപ്പ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നു അസം സ്വദേശികളായ മൂന്ന് പേര്‍. ആഷിക്കുൾ ഇസ്ലാം (23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ആഷിക്കുൾ ഇസ്ലാമിന്റെ പേരിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളുണ്ട്.
ഒക്ടോബറില്‍ ആലപ്പുഴ ചാരുംമൂട്ടില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സമദുൽ ഹക്ക് താമസ സ്ഥലത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 55000 രൂപയാണ് മോഷണം പോയത്. പ്രതി ഇവിടെ ജോലി അന്വഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയതു മുതൽ പ്രതിയെയും കാണാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.