ഇന്ത്യൻ ഉപയോക്താക്കൾ നേരിടുന്ന സ്പാം കോൾ പ്രതിസന്ധിയും, അനുമതിയില്ലാതെ മൈക്ക് ഓൺ ചെയ്ത് വയ്ക്കുന്നുവെന്ന ആരോപണവുമാണ് ഇപ്പോൾ വാട്സാപ്പിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു വിഭാഗം ഇന്ത്യൻ വാട്സാപ്പ് ഉപയോക്താക്കൾ. പല നമ്പറുകൾ നിന്നായി തുടരെ തുടരെ വിളികൾ. രാത്രിയിലാണ് സ്പാം ആക്രമണം കനക്കുന്നത്. ഉറക്കവും സമാധാനവും ഇല്ലാതാക്കുന്ന ഫോൺ വിളികൾക്കെതിരെ പരാതി പ്രളയമാണ്.
അബദ്ധത്തിൽ എടുത്ത് പോകുകയോ, തിരിച്ച് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയുടെ പരസ്യമോ, ഓൺലൈൻ ഓഫറോ ഒക്കെയായിരിക്കും മറുവശത്ത് കാത്തിരിക്കുന്നത്. ചെന്ന് തലവച്ച് കൊടുത്താൽ ധനനഷ്ടം ഉറപ്പ്. വിളികളിൽ കൂടുതലും ആഫ്രിക്കൻ നമ്പറുകളിൽ നിന്നാണ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. കെനിയ, എത്തിയോപ്പിയ, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ രജിസ്ട്രേഷനുകളിൽ നിന്ന് വിളി വന്നാൽ ജാഗ്രതൈ. ഒരു കാരണവശാലം ഇവർക്ക് ബാങ്കിംഗ് വിവരങ്ങൾ കൈമാറരുത്.
മൊബൈൽ നന്പറുകൾ വെരിഫൈ ചെയ്യുന്ന സംവിധാനത്തിലെ വീഴ്ചയാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് നിഗമനം. വ്യാജൻമാരെ തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും വാട്സാപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം സ്ഥിതി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ വാട്സാപ്പിനെ അങ്ങനെ വെറുതെ വിടാൻ കേന്ദ്ര ഐടി മന്ത്രാലയം തയ്യാറല്ല. വിശദീകരണം ചോദിച്ചിട്ടുണ്ട്. എൻക്രിപ്റ്റഡ് മെസേജുകളിലേക്കുള്ള താക്കോൽ നൽകാൻ വിസമ്മതിച്ച് മുതൽ കേന്ദ്രവും വാട്സാപ്പും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയതാണ്.
വാട്സാപ്പിന്റെ എറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ. നാല് കോടി 87 ലക്ഷത്തോളം ഉപയോക്താക്കളാണ് ഇന്ത്യയിൽ മാത്രം വാട്സാപ്പിനുള്ളത്. ഇവിടെ ഒരു തിരിച്ചടി നേരിട്ടാൽ കമ്പനിക്ക് പിന്നെ എഴുന്നേറ്റ് നിൽക്കാനാവില്ല. ഇതിനിടയിലാണ് വാട്സാപ്പ് അനുമതിയില്ലാതെ ഫോണിന്റെ മൈക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണവും വന്നത്. ഒരു ട്വിറ്റർ എഞ്ചിനിയർ തുടങ്ങി വച്ച വിവാദം ഇന്ത്യൻ ഐടി മന്ത്രി വരെ ഏറ്റെടുത്തു. പ്രശ്നം പക്ഷേ വാട്സാപ്പിന്റേതല്ല. ഗൂഗിളിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. ആപ്പുകൾ ഫോണിലെ ഏതൊക്കെ സംവിധാനം ഉപയോഗിക്കുന്നുവെന്ന് കാണിക്കുന്ന ആൻഡ്രോയ്ഡ് സംവിധാനത്തിലെ പിഴവായിരുന്നു പ്രശ്നം. ഇതിനൊരു പരിഹാരം ഉടനുണ്ടാകുമെന്നാണ് അറിയിപ്പ്. ഓൺലൈൻ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തർക്കം കാരണം യുകെ വിടാൻ വരെ തയ്യാറെടുക്കുന്ന വാട്സാപ്പിന് ഇന്ത്യൻ സർക്കാരുമായി ഇടയ്ക്കിടെ കൊന്പു കോർക്കേണ്ടി വരുന്നത് അത്ര സുഖകരമല്ല.