കോഴിക്കോട് : മിലിട്ടറി ഉദ്യോഗസ്ഥൻ ചമഞ്ഞ് കോഴിക്കോട് നഗരത്തിലെ ചിക്കൻ സ്റ്റാളുകളിൽ തട്ടിപ്പ്. തട്ടിപ്പുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിക്കൻ വ്യാപാരി സമിതി പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി. ഫോണിലൂടെ വിളിച്ച് മിലിട്ടറി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി 25 കിലോയിൽ കുറയാതെ നല്ല ഇറച്ചി വെട്ടിവെയ്ക്കാനാണ് ആവശ്യപ്പെടുന്നത്.
തുടർന്ന് പൈസ അക്കൗണ്ടിൽ അടയ്ക്കാമെന്നു പറഞ്ഞ് ഗൂഗിൾ പേ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ആവശ്യപ്പെടും. ഒപ്പം ഫോട്ടോയും പാൻകാർഡുകളുമൊക്കെ അയച്ചു നൽകും. ഇതോടെ വിശ്വാസം ഉറപ്പിച്ച് കടക്കാർ ഇറച്ചി വെട്ടി വയ്ക്കും. പക്ഷെ എടുക്കാൻ ആരും വരില്ല. ഗൂഗിൾ പേ വഴി പണവും ക്രെഡിറ്റാവില്ല. കക്കോടി, കൊമ്മേരി, മാങ്കാവ്, കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് ചിക്കൻ വെട്ടിവെച്ച് വെട്ടിലായത്.
ചില കടക്കാർക്ക് ഇയാൾ തന്റെ അക്കൗണ്ട് വിവരങ്ങളും അയച്ചു നൽകിയിട്ടുണ്ട്. ഗൂഗിൾ പേവഴി പണം ക്രെഡിറ്റാവുന്നില്ലെന്നും. താൻ അയച്ച എക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചാൽ പേയ്മെന്റ് നടത്താൻ എളുപ്പമാവുമെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്ന് ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ്, സെക്രട്ടറി പി.വി. മുസ്തഫ, ജോ. സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവർ പറഞ്ഞു.