പാലക്കാട്: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പാൽ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടികൾ തുടങ്ങിയതായി മിൽമ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തിക്കാൻ നീക്കം തുടങ്ങിയതായി മിൽമ ചെയർമാൻ കെ.എസ്.മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ മിൽമയുടെ പാൽ സംഭരണത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മിൽമയുടെ നീക്കം. മലബാർ മേഖലയിൽ മാത്രം പ്രതിദിന സംഭരണത്തിൽ 50,000 ലിറ്റർ കുറവ് അനുഭവപ്പെടുന്നതായി മിൽമ ചെയർമാൻ വ്യക്തമാക്കി. ഉത്പാദനത്തിലെ കുറവിനൊപ്പം അങ്കണവാടികളിലേക്ക് പാൽ നൽകേണ്ടി വരുന്നതും പാൽ ലഭ്യത കുറയാൻ ഇടയാക്കുന്നതായി മിൽമ ചെയർമാൻ വ്യക്തമാക്കി.
ആവശ്യം മുന്നിൽക്കണ്ട് ഓണ ദിവസങ്ങളിൽ പ്രതിദിനം 7 ലക്ഷം ലിറ്റർ പാൽ അധികമായി എത്തിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. തമിഴ‍്‍നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും അധികം പാൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്. പാൽ ലഭ്യത കുറഞ്ഞതോടെ കരുതലെന്ന നിലയിൽ മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉത്പാദനം മിൽമ കുറച്ചിട്ടുണ്ട്.