ഓസ്ട്രേലിയയിലെ ഒരു നദിയുടെ തീരത്ത് ആയിരക്കണക്കിന് മീനുകളെ ചത്ത് ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഒരു വിദൂര നഗരപ്രദേശത്തെ നദിയിലാണ് മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഈ പ്രദേശത്ത് കൂടെ ചൂടുതരംഗം കടന്നു പോയതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചത്തടിഞ്ഞ മത്സ്യങ്ങളുടെ മുകളിൽ കൂടി ബോട്ട് നീങ്ങുന്നത് കാണാം. വെള്ളം പോലും കാണാത്തത്രയും ചത്ത മീനുകളാണ് ഇവിടെ അടിഞ്ഞിരിക്കുന്നത്.
വെള്ളിയാഴ്ച, ന്യൂ സൗത്ത് വെയിൽസ് സർക്കാരാണ് മെനിൻഡീ എന്ന ചെറുപട്ടണത്തിനടുത്തുള്ള ഡാർലിംഗ് നദിയിൽ ദശലക്ഷക്കണക്കിന് മീനുകൾ ചത്തുപൊന്തിയ വിവരം വെളിപ്പെടുത്തിയത്. ഇത്തരം ഭീകരമായ ദുരന്തം ഇത് മൂന്നാം തവണയാണ് സംഭവിക്കുന്നത് എന്നും സർക്കാർ സൂചിപ്പിക്കുന്നു. 2018 -ലും 2019 -ലും സമാനമായ രീതിയിൽ ഇവിടെ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തു പൊന്തിയിരുന്നു. വെള്ളത്തിന്റെ മോശം അവസ്ഥ, കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം തുടങ്ങിയ കാരണങ്ങളാലാണ് മീനുകൾ അങ്ങനെ ചത്ത് പൊന്തിയത് എന്നാണ് കരുതുന്നത്.
‘ഇത് ശരിക്കും ഭയാനകമായ കാര്യമാണ്. കണ്ണെത്താ ദൂരത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങിയ കാഴ്ചയാണ്. ഇത് മുൻ വർഷങ്ങളിലേക്കാൾ കൂടുതലാണ്’ എന്നാണ് മെനിൻഡീ നിവാസിയായ ഗ്രേം മക്രാബ് എന്നൊരാൾ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞത്. പാരിസ്ഥിതികമായി സംഭവിച്ച ആഘാതം അളക്കാനാവാത്തതാണ് എന്നും ഇയാൾ സൂചിപ്പിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് ഈ നദിയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ മത്സ്യങ്ങളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. എന്നാൽ, വെള്ളം കുറവായതോടെയും ചൂട് കൂടിയതോടെയും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന അവസ്ഥയെത്തിയിരിക്കുകയാണ്. വെള്ളം താഴ്ന്നതനുസരിച്ച് ഓക്സിജന്റെ അളവ് കുറഞ്ഞതാവാം നദിയിൽ ഇത്രയധികം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊന്താൻ കാരണമായിത്തീർന്നത് എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.