തിരുവനന്തപുരം : മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബര്‍ക്കെതിരെ മില്‍മ അധികൃതര്‍. ഇത്തരത്തിലുള്ള അവകാശവാദം വിഡ്ഢിത്തത്തില്‍ നിന്ന് ഉറവെടുത്തതാണെന്ന് വിശദീകരിച്ച മില്‍മ, അപകീര്‍ത്തിപ്പെടുത്തിയതില്‍ യൂട്യൂബര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി. മില്‍മ പാലില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ ബാലിശമായ പരീക്ഷണമാണ് യൂട്യൂബര്‍ നടത്തിയിട്ടുള്ളതെന്ന് മില്‍മ പറഞ്ഞു. പത്ത് മിനിറ്റുള്ള വീഡിയോയില്‍ മില്‍മയുടെയും മറ്റ് രണ്ട് കമ്പനികളുടെയും പാലുമാണ് ഇയാള്‍ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികള്‍ വഴി ഉപഭോക്താക്കളുടെ ഇടയില്‍ പരിഭ്രാന്തി പരത്താനും അതു വഴി മില്‍മയുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി കുറ്റപ്പെടുത്തി.