ടോയ്‌ലറ്റ് സീറ്റാണ് ഏറ്റവും വൃത്തിഹീനമായ ഒരിടം എന്നാണ് പലരും കരുതുന്നത്. എന്നാൽ, ചില ദൈനംദിന വസ്തുക്കളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ രോഗാണുക്കളുണ്ടെന്നത് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കളും ടോയ്‌ലറ്റ് സീറ്റിനേക്കാൾ മലിനമാണെന്ന് പഠനങ്ങൾ പറയുന്നു. ഏതൊക്കെയാണ് ആ വസ്തുക്കൾ എന്നതാണ് താഴേ പറയുന്നത്…
സ്‌മാർട്ട്‌ഫോൺ…
ടോയ്‌ലറ്റ് സീറ്റിനേക്കാൾ ശരാശരി 10 മടങ്ങ് ബാക്ടീരിയകളാണ് സ്‌മാർട്ട്‌ഫോണിനുള്ളത്. അന്തരീക്ഷത്തിൽ നിന്നും പലതരത്തിലുള്ള കീടാണുക്കൾ നിരന്തരം നിങ്ങളുടെ കൈകളിൽ വന്നുചേരുന്നുണ്ട്. ഇവ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണിൽ വന്ന് അടിഞ്ഞുകൂടും. ഫോൺ വൃത്തിയാക്കാൻ സോപ്പ് അല്ലെങ്കിൽ ആൻറി ബാക്ടീരിയൽ വൈപ്പ് ഉപയോഗിച്ച് ഉപയോഗിക്കുക.
കീബോർഡ്…
അണുക്കളുള്ള മറ്റൊരു വസ്തുവാണ് കീബോർഡ്. കീബോർഡുകളിൽ ടോയ്‌ലറ്റ് സീറ്റുകളിൽ കാണപ്പെടുന്നതിന്റെ അഞ്ചിരട്ടി അണുക്കളുണ്ടെന്ന് ചില ബ്രിട്ടീഷ് ഗവേഷകർ പറയുന്നു . ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക, കീബോർഡ് വൃത്തിയാക്കുക, ആവശ്യമുള്ളപ്പോഴെല്ലാം ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
മൗസ്…
മൗസാണ് മറ്റൊരു വസ്തു. മൗസിന്റെ ശരാശരി ഒരു ചതുരശ്ര ഇഞ്ച് സ്ഥലത്ത് 1,500 ബാക്ടീരിയകളോളം ഉണ്ടെന്നാണ് കാലിഫോർണിയ, ബെർക്കിലി സർവ്വകലാശാലകളുടെ പഠനം പറയുന്നത്.
ടിവി റിമോട്ട് …
വീട്ടിലെ അണുക്കളുള്ള വസ്തുക്കളുടെ കാര്യം വരുമ്പോൾ ടിവി റിമോട്ടും അതിൽ ഉൾപെടുന്നു. ടിവി റിമോട്ടിന്റെ ഒരു ചതുരശ്ര ഇഞ്ച് വലുപ്പത്തിൽ 200 ബാക്ടീരിയകളോളം ഉണ്ടെന്ന് ഹ്യൂസ്റ്റൺ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി.
ശുചിമുറിയുടെ വാതിൽപ്പിടികൾ…
ബാത്ത്‌റൂമിന്റെയും ടോയ്‌ലെറ്റിന്റെയും വാതിൽപ്പിടികളിലും അണുക്കൾ പതുങ്ങിയിരിക്കാം. ടോയ്‌ലറ്റ് സീറ്റ് അടിക്കടി നമ്മൾ വൃത്തിയാക്കാറുണ്ടെങ്കിലും വാതിൽപ്പിടികൾ ശുചിയാക്കി വെക്കാൻ മിക്കവരും ഓർക്കാറില്ല. ഹാന്റ് സാനിറ്റെെസർ ഉപയോഗിച്ച് വാതിൽപിടികൾ വൃത്തിയാക്കുക.
വാട്ടർ ടാപ്പ്…
നമ്മൾ എല്ലാവരും കെെ കഴുകാൻ പോകുമ്പോൾ വാട്ടർ ടാപ്പുകൾ തൊടാറുണ്ട്. അവയിൽ അണുക്കൾ തങ്ങിനിൽക്കാം. വാട്ടർ ടാപ്പുകൾ ഇടയ്ക്കിടെ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കുക.
ഫ്രിഡ്ജിന്റെ വാതിൽ…
ഫ്രിഡ്ജിന്റെ ഡോറിൽ ഒരു ചതുരശ്ര ഇഞ്ച് ഇടത്ത് 500 ബാക്ടീരികൾ ഉണ്ടാകുമെന്ന് കാലിഫോർണിയ സർവ്വകലാശാലയുടെ പഠനത്തിൽ അടുത്തിടെ കണ്ടെത്തിയിരുന്നു.