തിരുവനന്തപുരം> സംസ്ഥാനത്ത് എഐ (നിർമിത ബുദ്ധി) സംവിധാനത്തോടെ പ്രവർത്തിക്കുന്ന കാമറകൾ നാളെമുതൽ പൂർണ്ണമായും പ്രവർത്തന സജ്ജമാകുമ്പോൾ ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എമർജൻസി വാഹനങ്ങൾക്ക് നിലവിൽ ഇളവുകളുണ്ട്. കാമറക്ക് വിഐപി പരിഗണനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
എഐ കാമറകളിൽ നിന്ന് ആരേയും ഒഴിവാക്കാൻ കഴിയില്ല. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങൾ ഏതൊക്കെയെന്ന് കേന്ദ്രനിയമത്തിൽ പറഞ്ഞിട്ടുണ്ട്. നിയമം ലംഘിച്ചാലേ എഐ കാമറ അത് കണ്ടെത്തുകയുള്ളൂ. അത് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും. മന്ത്രിയായ ശേഷം, തന്റെ വാഹനത്തിന് അമിതവേഗത്തിനുള്ള ചെലാൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.