തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളത്തിനായുള്ള മുഴുവൻ തുകയും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താൻ കഴിയില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമല്ല, സർക്കാരിന്റെ നിലപാടാണ്. ധനമന്ത്രിയും ഇതേ നിലപാട് അറിയിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകൾ അപക്വമായ തീരുമാനമെടുത്ത് പണിമുടക്കി ജനങ്ങളെ വഴിയിലാക്കുന്നതിനോട് യോജിപ്പില്ലെന്നു മന്ത്രി പറഞ്ഞു. എന്നാൽ, അവകാശം സംരക്ഷിക്കാൻ തൊഴിലാളികൾ സമരം ചെയ്യുന്നതിനോട് എതിർപ്പില്ല. യൂണിയനുകൾ പണിമുടക്കിയാൽ സ്ഥാപനത്തിന്റെ പ്രതിസന്ധി വർധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘‘സർക്കാർ പത്താം തീയതി ശമ്പളം നൽകാമെന്നു പറഞ്ഞപ്പോൾ അതു വിശ്വസിക്കാതെ പണിമുടക്കി ജനത്തെ ബുദ്ധിമുട്ടിപ്പിക്കുകയാണ് കെഎസ്ആർടിസിയിലെ യൂണിയനുകൾ ചെയ്തത്. അതു കയ്യും കെട്ടി നോക്കി നിൽക്കാൻ സർക്കാരിനു കഴിയില്ല. യൂണിയനുകൾ അവരുടെ താൽപര്യം സംരക്ഷിക്കാനായി നിൽക്കും. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. പണിമുടക്കിയ യൂണിയനുകളും മാനേജ്മെന്റും സംസാരിച്ച് ശമ്പള വിഷയത്തിൽ തീരുമാനമുണ്ടാക്കണം’ – മന്ത്രി പറഞ്ഞു.
‘‘സർക്കാരിന്റെയോ മാനേജ്മെന്റിന്റെയോ പിടിപ്പുകേടല്ല ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കേന്ദ്രം ഡീസൽ വില വർധിപ്പിച്ചതാണ് അപ്രതീക്ഷിത പ്രതിസന്ധിയുണ്ടാക്കിയത്. അതിനെ തരണം ചെയ്യാൻ പ്രായോഗിക നിലപാട് സ്വീകരിക്കുന്നതിനു പകരം പ്രതിസന്ധി വർധിപ്പിക്കുന്ന സമീപനമാണ് യൂണിയനുകൾ സ്വീകരിച്ചത്. പെൻഷനായി പ്രതിമാസം 70 കോടി രൂപ നൽകുന്നത് സർക്കാരാണ്. ശമ്പള വിഹിതമായി പ്രതിമാസം 30 കോടി രൂപ കൊടുത്തതും സർക്കാരാണ്. മുഴുവൻ ശമ്പളവും കൊടുക്കാൻ സർക്കാരിനു കഴിയില്ല’ – മന്ത്രി പറഞ്ഞു.